Monday, August 29, 2011

ഇന്ന് തീര്‍ച്ചയായും മഴ പെയ്യും (കുഴൂര്‍ വിത്സന്‍ )

ഇന്ന് തീര്‍ച്ചയായും മഴ പെയ്യും

അല്ലെങ്കില്‍ എന്തിനാണ്
ഇത്രയധികം
മിസ് കാളുകള്‍

കാലം (രോഷ്നി സ്വപ്ന )


കാറ്റ് വീശുന്നതോടൊപ്പം
കാറ്റായി
മാറി,മാറി
പ്രണയം വീശുന്നതോടൊപ്പം
കടലായി ,പുഴയായി,അരുവിയായി
മിണ്ടാതിരിക്കുമ്പോള്‍
അടുത്ത് വന്നിരിക്കും
നേര്‍ത്ത മന്ത്രതോടെ
"വരുന്നില്ലേ" എന്ന് ചോദിച്ചു 

Sunday, August 28, 2011

അശരണന്‍ (വി .പി .ഷൌക്കത്തലി )


ദൈവമേ 
നിന്റെ വിധിയെ കുറിച്ചോര്‍ക്കുമ്പോള്‍ 
ഞാന്‍ 
എന്റെ അശരണത്വംമറന്നുപോകുന്നു 
എനിയ്ക്ക് 
കൂട്ടിനൊരുനിഴലും
തലച്ചായ്ക്കാന്‍ 
ഒരു മരണവുമുണ്ട്
നിനക്കോ ? 

ദൂരം,വേഗം (മനോജ്‌ കുറൂര്‍ )

ദൂരം
രണ്ടു നക്ഷത്രങ്ങള്‍‌ തമ്മിലെന്നപോലെ
വര്‍ഷങ്ങള്‍കൊണ്ട് അളക്കേണ്ടിയിരിക്കുന്നു
നാം തമ്മിലുള്ള ദൂരം.

വേഗം
മുന്നില്‍ പോകുന്ന റോഡ് റോളറിനും
പിന്നില്‍‌ വരുന്ന സ്പോര്‍ട്സ് കാറിനുമിടയില്‍
ഞാന്‍ എന്റെ വേഗത്തെ നിര്‍ണയിക്കുന്നു

കുഞ്ഞപ്പ നമ്പ്യാര്‍(പ്രമോദ്.കെ .എം )


ഒരാള്‍ മാത്രം ബാക്കിവന്നു.

‘ഡൌണ്‍ ഡൌണ്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന്
തല്ലിക്കൊടുത്തത്
‘ണ്ടാവും ണ്ടാവും കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന്
ഏറ്റുപറഞ്ഞ്
തോക്കുകളെ കബളിപ്പിക്കാന്‍
വാക്കുകള്‍ കൂട്ടുനിന്നു.

രക്ഷപ്പെട്ട ഒരു നിലവിളി
നിലച്ച നൂറുനിലവിളികളുടെ ഓര്‍മ്മയും പേറി
അനേകായിരം മുദ്രാവാക്യങ്ങളുമായി
തിരിച്ചുവന്നു.

മണ്ണ്
തരിച്ചുനിന്നു.
----------------
*കുഞ്ഞപ്പ നമ്പ്യാര്‍: 
കുഞ്ഞാക്കമ്മയുടെ മകന്‍. 1940കളുടെ ഒടുവിലും 1950കളുടെ ആദ്യവും കണ്ണൂര്‍ജില്ലയിലെ കണ്ടക്കൈയില്‍ നടന്ന കര്‍ഷകസമരങ്ങളിലെ പോരാളി

ജീവിതം ( Dr.ആരിഫ .കെ .സി )

ജീവിതം,
ഒരു കണ്ണ് പൊത്തിക്കളിയാണ്,
കൈനീട്ടിയാല്‍ തൊടാവുന്നിടത്തു വന്നു നിന്ന്,
ഭ്രമിപ്പിച്ചു മിന്നിമറയുന്ന ഒരു തരം കബളിപ്പിക്കല്‍ ,
കണ്ണ് പൊത്തിയ വിരലുകലഴിയുമെന്നും,
ജീവിതം, ഒരു ചിത്രകമ്പളമെന്ന പോലെ മുന്നില്‍ നിവരുമെന്നും,
അപ്പോള്‍ മുതല്‍ ഒരാഘോഷമായി ആര്‍ത്തലച്ചു ജീവിക്കാമെന്നും.......,
കണ്മുന്നിലെ ഇരുളിലേയ്ക്കു വ്യാമോഹങ്ങളുടെ വിരല്‍തുമ്പു പിടിച്ചു,
നാം നടന്നു തീര്‍ക്കുന്നീജീവിതം.

Thursday, August 25, 2011

സിംഫണി (എം .ആര്‍ .വിബിന്‍ )

സീബ്ര ക്രോസ്
പിയാനോ എന്ന് പറഞ്ഞ്
വായിച്ചുകൊണ്ടിരിക്കുന്നു
ഒരു മുഴുക്കുടിയന്‍ .

നല്ല സംഗീതജ്ഞന്‍ തന്നെ.
അത് കൊണ്ട് തന്നെയല്ലേ,
വാഹനങ്ങള്‍
നിര്‍ത്താതെ കയ്യടിക്കുന്നത് 

Tuesday, August 23, 2011

നിലവിളി (ഉസ്മാന്‍ ഇരിങ്ങാട്ടിരി )

ട്രാഫിക് ജാം സമയത്ത്
ലോറിയില്‍ കേറ്റി ക്കൊണ്ട് പോവുന്ന
പുഴയും മണലും
കുന്നും മരങ്ങളും
പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു:
ഒരു ഹര്ത്താലിനു പോലും
വഴി കാണുന്നില്ലല്ലോ ദൈവങ്ങളെ..

Saturday, August 20, 2011

പിന്‍കുറിപ്പ് (ഉമേഷ്‌ പീലിക്കോട് )

സാക്ഷ (ഹാരിസ് എടവന )

പാതിവഴിക്കിറങ്ങിപ്പോയത്
ഇടക്കു വന്നെത്തിനോക്കാറുണ്ട്..
ദ്രവിച്ച സാക്ഷയാണു മനസ്സിനു
വന്നു മുട്ടല്ലേന്നു പറയാറേയുള്ളൂ
ഉറപ്പുള്ളൊരെണ്ണം
മാറ്റാൻ തോന്നാറില്ലെനിക്ക്

വിശപ്പ്‌ (ജൈനി.എല്‍ .പി )

അവള്‍ക്ക്‌ വിശക്കുന്നുണ്ടായിരുന്നു
അവനും
അവന്റെ കണ്ണുകളിലെ
നിസഹായതയിലേക്ക്‌ നോക്കി
അവള്‍ പറഞ്ഞു
`നിനക്കായെന്റെ മുലകള്‍ ചുരത്തും '
വിശപ്പൊഴിഞ്ഞപ്പോള്‍ 

ആ നെഞ്ചില്‍
മുഖമണച്ച്‌ അവനുറങ്ങി
വിശപ്പ്‌ അപ്പൊഴും
അവളെ കാര്‍ന്നു തിന്നുന്നുണ്ടായിരുന്നു .

ധര്‍മസങ്കടം (എല്‍ .തോമസ്‌കുട്ടി )


പൊന്നുപോലെ 
നിന്നെ ഞാന്‍ നോക്കി 
എന്നെന്നുനുണ്ണി -
തിരിഞ്ഞിതോ ധര്‍മജന്‍ ;

ആകയാല്‍ അത്രേ 
പണയവും വെച്ചുപോ-
യശ്വഥമാവാം 
ആന ചരിഞ്ഞപോല്‍ .

Friday, August 19, 2011

വയസ്സാകാതിരിക്കാന്‍ ( അനു വാര്യര്‍ )

മങ്ങിയ വെളിച്ചമുള്ള
ഒരു ലിഫ്റ്റിന്റെ കണ്ണാടിയിലാണ്
അത് ആദ്യം കണ്ടത്...
...തലയുടെ വലതുവശത്തായി
ഒരു പറ്റം വെളുത്ത മുടികള്‍.
ലിഫ്റ്റിലെ പാതിയിരുട്ടിനെ വിശ്വസിക്കണോ
പാതി വെളിച്ചത്തെ വിശ്വസിക്കണോ എന്ന് ആകുലപ്പെട്ട്,
ഉടന്‍ അങ്ങ് കൊട്ടിയടച്ചിട്ടു,
മനസ്സിലേക്കുള്ള പ്രവേശനം

Thursday, August 18, 2011

ആഴങ്ങളിലെ ആകാശം (ഗീത രാജന്‍ )


പുഴയുടെ  ആഴങ്ങളില്‍
അടുത്തു കണ്ട ആകാശം! 
ചേര്‍ത്തു പിടിക്കാന്‍
ഓടിയെത്തിയ ചില്ലകള്!
ഒന്ന് തൊടാനാവാതെ‍
തിരഞ്ഞു  കൊണ്ടിരിക്കുന്നു
ആഴങ്ങളില്‍ ഒരാകാശത്തെ! 
പിടി തരാതെ ഓടിയൊളിക്കുന്ന
ജീവിതത്തെ തിരയും പോലെ!!

കല്ലുകള്‍ (ധന്യ ദാസ് )

കല്ലുകളുടെ കഥ പറഞ്ഞ്
ഉറക്കത്തെയുറക്കിക്കിടത്തി.
കിടക്ക വിട്ടെണീറ്റ തലയിണകള്‍
പിറ്റേന്ന്
വലിയ പാറക്കല്ലുകളായി.

എന്റെ നാമത്തില്‍ ദൈവം (വിമീഷ് മണിയൂര്‍ )


1
സുന്നത്ത് കല്യാണത്തിന്റെ 
ദിവസം വന്നു
ദൈവം മൊയില്യാരുടെ
മുഖത്തുനോക്കി പറഞ്ഞു 
ഞാന്‍ മതംമാറികൊള്ളാം   
2
ചെകുത്താനെ കണ്ടത് മുതല്‍ 
ദൈവം കുരിശുകണ്ടു 
ദൈവത്തെ കണ്ടത് മുതല്‍ 
ചെകുത്താന്‍ കുരിശുവരച്ചു 

മഴ ( പി .ആര്‍ .രതീഷ്‌ )

ആകാശം വഴി
നിന്നിലേക്ക്‌ പെയ്യണോ ?
ഒരു ജന്മം മുഴുവന്‍
തീരാത്തത്ര. 

ചേരുംപടി ചേര്‍ക്കുക ( പവിത്രന്‍ തീകുനി )

ഗാന്ധിജി ------ ഒരു തപാല്‍സ്റ്റാമ്പാകുന്നു
എ.കെ ജി ------ . ഒരു ബസ് സ്റ്റോപ്പാകുന്നു
ഈ.എം എസ് --------- - ഒരു ഭവന നിര്‍മാണ പദ്ധതി
പ്രിയ ദര്‍ശിനി ----------- ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വായന ശാല
ഉത്തരങ്ങള്‍ എല്ലാം ശരി തന്നെ
കുട്ടിക്ക് മാര്‍ക്കിട്ട് അദ്ധ്യാപകന്‍
ബിവേറേജസ് കോര്‍പറേഷന്റെ ക്യൂവിലേക്ക് നടന്നു

ഞാന്‍ (ദിലീപ് .സി ജി .)

കണ്ണിലെന്നോവീണൊരു
കരടായിരുന്നു ഞാനച്ഛനു
എത്രചേര്‍ത്താലും പാകപ്പെടാത്തൊരു 
കറിക്കൂട്ടായിരുന്നമ്മയ്ക്ക്
അച്ചുപതിയാത്തൊരു 
നാണയത്തുട്ടുപോല്‍ ചേച്ചിക്ക്
എങ്കിലും മാസപ്പടിപറ്റി 
റേഷന്‍ വാങ്ങുവാനെന്റെ 
പേരും ചേര്‍ത്തിരുന്നു..

ഉള്ളിത്തോൽനിറമുള്ള ചുരിദാർ (നിരഞ്ജൻ )


ഹോ..
സവാള തൊലിക്കുമ്പോലെ
എത്ര അനായാസം..
കൂർത്ത ചുംബനങ്ങൾ കൊണ്ടിങ്ങനെ
അരിഞ്ഞിടാൻ എന്തു രസം..
എരിഞ്ഞുതീരാത്ത ഈ കരച്ചിലിന്റെ
കണ്ണുനീറ്റമാണ്..
ഛെ..!

അലക്ക് (നസീർ കടിക്കാട് )


അലക്കി നിവർത്തിയ സാരിയിൽ
ഒരാൾക്ക് ഒളിച്ചുകടക്കുവാൻ പാകത്തിൽ
ഒരോട്ട.
അവൾക്കുറപ്പായി,
അലക്കുയന്ത്രം ഉപേക്ഷിച്ചു വരാതിരിക്കില്ല
പഴകിയ ആ മുരൾച്ച.

നറുമൊഴി (അസ്മോ പുത്തന്‍ ചിറ )


കൊടുക്കണമെങ്കില്‍ 
കിട്ടണം 
കിട്ടണമെങ്കിലോ
കൊടുക്കണം 
കിട്ടലും 
കൊടുക്കലും 
കൂട്ടികിഴിച്ചാല്‍
കിട്ടണം 
സന്തോഷം.

ഇവിടെയെന്നും (ചാന്ദ്‌നി ഗാനൻ.)

എത്ര ഞൊറിഞ്ഞാലും തീരാത്ത
പരശ്ശതം ഓണ'ക്കോടി'കള്‍,
മധുസമൃദ്ധമാണ്‌ ജീവിതം;
പുതിയ ഓണപ്പാട്ടിലുമൊട്ടിയ
വീര്‍ത്ത തലകളും
ഇഴയുന്ന മാമ്പൂക്കളും നുള്ളി
പടവെട്ടുകളിയ്ക്കുന്ന തിരക്കിലാണ്‌ ഞങ്ങള്‍
.

കരുതല്‍ (ഹബ്രൂഷ് കടപ്പുറം )


നെഞ്ചിലുള്ള തീയിലേക്ക്
ആളിപ്പടരാതിക്കാനാവണം
അടപ്പിലൂതി
തീ പെരുക്കുമ്പോള്‍
ഉമ്മ
കണ്‍നിറയെ
തിരയില്ലാത്തൊരു 
കടല്‍ കരുതിയിരുന്നത്

നഗ്നത ( ഉമ രാജിവ് )

എന്തിനാണ് രാജാവേ എന്നെ ശിക്ഷിക്കുന്നത് ?

നിന്റെ നഗ്നതെക്കെന്താണ് കുഴപ്പം?

(എന്റെ നിഷ്കളങ്കതക്കും?)

Wednesday, August 17, 2011

വാതിലില്ലാത്ത മുറി (സി .പി.ദിനേശ് )


അടച്ചിരുന്നു മടുത്തു

     റ
        ങ്ങി നടന്നു
ചുമരും കൂടെപ്പോന്നു.

വീട് (സുനില്‍ ജോസ് )


ഞാനുറങ്ങുന്നിടം
നീ ഉറങ്ങുന്നിടം
നമുക്കനോന്യമൊന്നും
പറയുവാനില്ലെന്ന
സങ്കടം മാത്രം
ഉണര്ന്നിരിക്കുന്നിടം
.

ഓന്തന്‍ (പ്രമോദ് കുവേരി )


ഓന്തിനെപ്പോലെ 
നിറം മാറുന്നവനെന്ന് 
അധിക്ഷേപിക്കാന്‍ 
ഓനൊരു 
ഓന്തല്ല

പരിചയമുള്ളവരെ കണ്ടാല്‍ 
ഒരു ചിരി ലുബ് ധിച്ച് 
തിരിഞ്ഞു നടക്കാന്‍ 
ഓനൊരു 
മനുഷ്യനുമല്ല .

ലൈന്‍ (എം .ആര്‍ .വിഷ്ണു പ്രസാദ് )

അവള്‍ ഒരു നോട്ടം.
ഞാന്‍ മറ്റൊരു നോട്ടം.
ഞങ്ങള്‍ക്കിടയില്‍
നാലു തൂണുകള്‍ .
ബസ്സ്‌ വരുന്നുണ്ട്.
ഞാന്‍ കയറുന്നില്ല.
അവളും കയറുന്നില്ല.
എല്ലാ തൂണുകളെയും
കണ്ണുകള്‍ കൊണ്ടരിഞ്ഞ്‌
വൈയിറ്റിങ്ങ് ഷെഡിനെ
സ്വര്‍ഗമാക്കും വരെ
ഇവിടെ ഇങ്ങനെ ഇത് പോലെ
കുറെ നേരം....
.

നഗര മാലിന്യം (ആനന്ദ രാമന്‍ )

ഓടയില്‍ ഉപേക്ഷിച്ച ഗര്‍ഭപാത്രം,
അതില്‍ ഒരുപാടു കയ്യൊപ്പുകള്‍ ഉണ്ടായിരുന്നു.
അരികില്‍, കെട്ടുപിണഞ്ഞ മൂന്നു വാക്കുകള്‍;
പ്രണയം, വാഗ്ദാനം, വിവാഹം.
മരിച്ചവളെ,

നീ ബാക്കി വച്ച ജീവന്‍ പുനര്‍ജനിക്കും വരെ,
നിനക്ക് ദൈവനാമത്തില്‍ ഒരു നെടുവീര്‍പ്പ്.


ഡെയിന്ജര്‍സോണ്‍ (വര്‍ഗീസാന്റണി )

നിന്റെ താവളത്തില്‍ 
ഇറങ്ങാനുള്ള 
സിഗ്നല്‍ കിട്ടാതെ 
നട്ടം തിരിയുകയാണ് 
ശൂന്യാകാശത്ത്
ഒരു വിമാനം 

Tuesday, August 16, 2011

പൂക്കാരികള്‍ (ഹരിയാനന്തകുമാര്‍ )


പൂവുകളെപ്പോലെ പൂക്കാരികള്‍ 
റോഡിനിരുപുറം പൂക്കളങ്ങള്‍ 
കാഴ്ച്ചക്കുവെച്ച സുഗന്ദിനികള്‍
തൊട്ടാല്‍ കളങ്കപെടുന്നമട്ടില്‍ 
കുട്ടയില്‍വെച്ച വസന്തകാലം 

ചത്ത്തിസ് ഗഡ് (എം .എന്‍ .ശശിധരന്‍ )


രണ്ടു പോലീസുകാര്‍
തണ്ടില്‍ കെട്ടി തൂക്കിയെടുത്ത്
കൊണ്ടുപോകയാണ്
വേട്ടയാടപ്പെട്ട ഒരു
കാട്ടുചോല.

ഇപ്പുറത്തപ്പുറത്ത് (രാമചന്ദ്രന്‍ വെട്ടിക്കാട് )


നിന്ന് കത്തുന്നത്
വെയിലാണ്

തൊട്ടപ്പുറത്ത്
ആർത്തലച്ച് കരയുന്നുണ്ട്
മഴ
ഒരു കടൽ
കടക്കാനാകാതെ.

ശ്രീ നാര്‍സിസ് ഗുരു (പ്രസാദ് കാക്കശ്ശേരി )



ഓരോരുത്തര്‍ക്കുമുണ്ട് 
അരയ്ക്കും മുട്ടിനുമിടയില്‍
ഒരു കണ്ണാടി പ്രതിഷ്o 
നാരായണനോ  ,
ശിവലിന്ഗമോ ,
നാര്‍സിസോ ,
എന്നമതഭേതമില്ലാതെ 
അവനവനാത്മ സുഖത്തിനാചരിക്കുന്ന
മാതൃകാസ്ഥാനമാണിത് .

അധ്യാപനം ( ഷൌക്കത്തലി ഖാന്‍ )

മഴ എങ്ങനെയുണ്ടാകുന്നു ?
ഉത്തരം കിട്ടാതെ 
മേഘകുരുന്നുകള്‍
എഴുന്നേറ്റു നിന്നു.

3B യില്‍ ഇരുട്ട് പരന്നു 
ചൂരല്‍ കാറ്റ് ആഞ്ഞടിച്ചു
ബെല്ലടിച്ചിട്ടും നിലയ്ക്കുന്നില്ല 
പെരുമഴയുടെ തേങ്ങല്‍ .  

യാത്ര ( രാജുക്കുട്ടന്‍ .പി .ജി )


നീ പോകുമ്പോള്‍ 
നിറഞ്ഞ കണ്ണുകളോടെയല്ലാതെ 
നിന്നെ ചുംബിക്കാനാവില്ല
തൊണ്ട പൊള്ളാതെ 
ഒരു വാക്കും പുറപ്പെടില്ല
അത്രമേല്‍  നിറഞ്ഞത്.
ഒരു മഴയായെങ്കില്‍ 

സ്കൂള്‍ വഴി (ഹന്‍ലല്ലത്ത് )

ഉള്ളുകത്തുന്ന
വെയില്‍ വഴിയിലൂടെ
ഓടിപ്പാഞ്ഞ്‌
സമയത്തെത്താന്‍ കിതക്കാറുണ്ട്

താന്നിമരം നില്‍ക്കുന്ന
ആളില്ലാ വളവില്‍
ചിരിക്കുന്നൊരാളെ

കണ്ടാലുള്ളു കാളും
അതാ അച്ഛനെന്ന്
കൂടെയുള്ളവര്‍ വിട്ടോടുമ്പോള്‍
ആരോട് പറയാന്‍..!

Monday, August 15, 2011

നുണക്കുഴി ( അറുമുഖന്‍ )

ചിരിക്കുമ്പോള്‍
കവിളില്‍ തെളിയുന്നത്,
നുണക്കുഴിയാണെന്നാണ്
അവള്‍ പറയാറുള്ളത്

എന്നാല്‍ ..,
നേരിന്റെ-
കുഴികളായതിനാലാവാം,
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും
ചിരിമാഞ്ഞ മുഖത്തു
മായാതെ നിലകൊള്ളുന്നത്

ന്നതും.. ( ടി .എ .ശശി )


ചില നേരം ഉള്ളിലുദിച്ച ചോദ്യത്തിനുത്തരം
തെളിഞ്ഞുവരുന്നതും,തെല്ലുനേരമതി
തണുപ്പെന്നെ പുതയ്ക്കുന്നതും,പിന്നെ
യതകന്നകന്നു പോകുന്നതും...

പതിവുപോൽ പഴയഗന്ധമാർന്നതാകുന്നതും
അതേ ദേഹമതേമനസ്സും അതേവായുവും..
ഇതു തന്നെജ്ജീവിതസത്യമെന്ന് ഞാൻ
തന്നെയോതി ഞാൻ തന്നെപഠിക്കുന്നതും..

പതനം ( രാജേഷ് ശിവ )

അമ്മയ്ക്കുപകരം
മമ്മിയെയെടുക്കാന്‍

ഫാഷന്റെ പിരമിഡില്‍
കയറുകയാണ് , 

ഉയരങ്ങളുടെ
ഭൌതികാനുഭൂതിയില്‍
അവരുറങ്ങിപ്പോയിരുന്നു ,

മുകളിലെത്തിയപ്പോള്‍ 

ശോഷിച്ചുപോയ 

മനോവ്യാപ്തത്തില്‍
പരുക്കന്‍ പ്രതലങ്ങളിലൂടെ
താഴെപതിയ്ക്കുകയാണ് .

ദാഹാര്‍ത്തയായ മഴ ( യാമിനി ജേക്കബ് )

മരിക്കും വരെയും
പ്രണയിച്ചു കൊണ്ടേയിരിക്കാന്‍
കഴിയാതിരുന്നെന്കിലെന്നു
ഭയന്ന്-
പ്രണയിച്ചു കൊണ്ട് മരിക്കാന്‍
നിനച്ചു,
കൊതിച്ചു,
ദാഹിച്ചു,
ഒരു മഴ വരളുന്നു.

ladies Hostel ( എന്‍ .ടി .സുപ്രിയ )

കക്കാനല്ല
കാണാനായാലും,
ജാലകത്തിനപ്പുറം
രാത്രി വരുന്നവനെ
കള്ളനെന്നേ വിളിക്കൂ!

ഞാന്‍ (ശാലിനി വിശ്വനാഥന്‍ )


പറിച്ചു നടപ്പെട്ട ഒരു ചെടിയാണ്.....
മുറിഞ്ഞു പോയ ആണി വേരിനെ ചൊല്ലി
സദാ വേദനിയ്ക്കുന്ന കാട്ടുചെടി....
ഇലകളൊക്കെ ലോപിച്ച് മുള്ളുകളായി തീര്‍ന്നിട്ടും....
ഞാന്‍ വേനലിനെ ഭയക്കുന്നത് എന്തുകൊണ്ടാണ്..?

പ്രണയം (രാജേഷ്ചിത്തിര)


ആകാശത്തിനും
ഭൂമിയ്ക്കുമിടയില്‍
കാറ്റു നിവര്‍ത്തിയിട്ട
മേഘത്തിരശ്ശീല
2
അലക്കുകല്ലില്‍ നിന്ന് 
ചെളിയിലേക്കുള്ള 
തുണിയകലം.

മീന്‍വാക്കേ..( വി .ജയദേവ് )

രാത്രിയില്‍ തനിയെ വന്നു
കൂട്ടുകിടന്നൊരു വാക്കിന്
രാവിലെ പോകാന്‍ നേരം
എന്നോടെന്തോ
പ്രണയം തോന്നുന്നെന്ന്.
അപ്പോള്‍ നോക്കിയാപ്പോഴുണ്ട്
വാക്കിന്റെ കാലിലൊരു
ദര്‍ഭമുന കൊണ്ടുകയറിയിരിക്കുന്നു.
അപ്പോഴുണ്ട് വാക്കിനെയാകെ
മീനുളുമ്പ് മണക്കുന്നു

മണ്ണിര (പി. എ. അനിഷ്)


മറ്റൊന്നിനെക്കുറിച്ചും
പറയാനില്ലാത്തതിനാല്‍
ഞാനെന്നെക്കുറിച്ചുതന്നെ
പറയുന്നു
മറ്റൊരിടത്തേക്കും
പോകാനില്ലാത്തതിനാല്‍
ഞാനെന്നിലേക്കുതന്നെ
മടങ്ങുന്നു
മഴവെള്ളം കെട്ടിക്കിടന്ന
ചെളിയില്‍
മണ്ണിരയതിന്റെ
ദേഹം കൊണ്ടു വരയ്ക്കുമ്പോലെ!

പ്രണയം (റീമ അജോയ് )


ഞാനല്ലലോ
നിന്നെ
കഴുവേറ്റിയത്?

എന്നിട്ടും പ്രണയമേ....

ഉറക്കമില്ലാത്ത
രാത്രികളില്‍
നിന്റെ പ്രേതം
എന്തിനെന്റെ
ഓര്‍മയുടെ
പിന്‍കഴുത്തില്‍
പല്ലമര്‍ത്തുന്നു ?

കാറ്റിന്റെ ഓര്‍മ്മ (മനോജ്‌ മേനോന്‍ )

ഒരു പാട് കാലം
തല ചായ്ച്ചതിന്റെ 
ഓര്‍മ്മയിലാവണം
കാറ്റ് , ഇടയ്ക്കിടെ വന്ന്‌ 
ഉമ്മറ വാതിലിന്‌
ഉമ്മ കൊടുത്തു പോകുന്നത് ......

ഒറ്റ (ഷാജി അമ്പലത്ത് )

മുറിയില്‍ 
ഞാനൊറ്റയ്ക്കായിട്ടും
നിന്നെ മുട്ടാതെ 
നടക്കാനാവുന്നിലല്ലോ ?